2 Samuel 11

1പിറ്റെ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി, രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു.

2ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. 3ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാൎയ്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. 4ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. 5ആ സ്ത്രീ ഗൎഭം ധരിച്ചു, താൻ ഗൎഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വൎത്തമാനം അയച്ചു. 6അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു. 7ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവൎത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു. 8പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. 9ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി. 10ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു. 11ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാൎയ്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു. 12അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു. 13പിറ്റെന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു. 14രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു. 15എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിൎത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്മാറുവിൻ എന്നു എഴുതിയിരുന്നു. 16അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിൎത്തി. 17പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു. 18പിന്നെ യോവാബ് ആ യുദ്ധവൎത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു. 19അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവൎത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു: 20നിങ്ങൾ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേൽനിന്നു അവർ എയ്യുമെന്നു നിങ്ങൾക്കു അറിഞ്ഞുകൂടയോ? 21യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൻപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക. 22ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വൎത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു. 23ദൂതൻ ദാവീദിനോടു പറഞ്ഞതു എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കലോളം അവരെ പിന്തുടൎന്നടുത്തുപോയി. 24അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു. 25അതിന്നു ദാവീദ് ദൂതനോടു: ഈ കാൎയ്യത്തിൽ വ്യസനം തോന്നരുതു; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചുകളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈൎയ്യപ്പെടുത്തേണം എന്നു കല്പിച്ചു. 26ഊരീയാവിന്റെ ഭാൎയ്യ തന്റെ ഭൎത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭൎത്താവിനെക്കുറിച്ചു വിലപിച്ചു. 27വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാൎയ്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.

Copyright information for Mal1910